മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
ഹോസിയാ

എഫ്രായിം കാറ്റിനെ മേയ്ക്കുന്നു; ദിവസം മുഴുവന്‍ കിഴക്കന്‍കാറ്റിനെ അനുധാവനം ചെയ്യുന്നു; അവര്‍ വ്യാജവും അക്ര മവും വര്‍ധിപ്പിക്കുന്നു. അസ്‌സീറിയായുമായി ഉടമ്പടി ചെയ്യുന്നു; ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു.

കര്‍ത്താവിന് യൂദായ്‌ക്കെതിരേ ഒരു ആരോപണമുണ്ട്; യാക്കോബിനെ അവന്റെ മാര്‍ഗങ്ങള്‍ക്കനുസൃതമായി അവിടുന്ന് ശിക്ഷിക്കും; അവനുപ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്‍കും.

ഉദരത്തില്‍വച്ച് അവന്‍ സഹോദരന്റെ കുതികാല്‍ പിടിച്ചു; പുരുഷപ്രായമായപ്പോള്‍ അവന്‍ ദൈവത്തോടു പൊരുതി.

അവന്‍ ദൈവദൂതനോടു പൊരുതി ജയിച്ചു; കരഞ്ഞ് അവന്റെ അനുഗ്രഹംയാചിച്ചു. ബഥേലില്‍ വച്ച് അവന്‍ ദൈവത്തെ ദര്‍ശിച്ചു. അവിടെ വച്ച് ദൈവം അവനോടു സംസാരിച്ചു-

സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്, കര്‍ത്താവെന്നാണ് അവിടുത്തെനാമം.

ആകയാല്‍, നിന്റെ ദൈവത്തിന്റെ സഹായത്തോടെ തിരിച്ചു വരുക. നീതിയും സ്‌നേഹവും മുറുകെപ്പിടിക്കുക. നിന്റെ ദൈവത്തിനുവേണ്ടി നിരന്തരം കാത്തിരിക്കുക.

കൈയില്‍ കള്ളത്തുലാസുള്ള വ്യാപാരി മര്‍ദനപ്രിയനാണ്.

എഫ്രായിം പറഞ്ഞു: ഞാന്‍ ധനവാനാണ്. ഞാന്‍ എനിക്കുവേണ്ടി ധനം സമ്പാദിച്ചു; എന്നാല്‍, അവന്റെ സമ്പത്ത് എല്ലാം കൊടുത്താലും അവന്റെ തിന്‍മയ്ക്കു പരിഹാരമാവുകയില്ല.

നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍മുതല്‍ ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. പഴയ നാളുകളിലെന്നപോലെ നിങ്ങളെ ഞാന്‍ വീണ്ടും കൂടാരങ്ങളില്‍ വസിപ്പിക്കും.

ഞാന്‍ പ്രവാചകന്‍മാരോടു സംസാരിച്ചു; ദര്‍ശനത്തിനുമേല്‍ ദര്‍ശനമരുളിയതും പ്രവാചകന്‍മാര്‍ വഴി അന്യാപദേശങ്ങള്‍ നല്‍കിയതും ഞാനാണ്.

ഗിലയാദില്‍ അകൃത്യമില്ലേ? അവര്‍ ശൂന്യതയിലാഴും. ഗില്‍ഗാലില്‍ അവര്‍ കാളകളെ ബലികഴിക്കുന്നില്ലേ? അവരുടെ ബലിപീഠങ്ങള്‍ വയലിലെ ഉഴവുചാലിലുള്ള കല്‍ക്കൂ മ്പാരങ്ങള്‍ പോലെ ആയിത്തീരും.

യാക്കോബ് ആരാം ദേശത്തേക്കു പലായനം ചെയ്തു. അവിടെ ഇസ്രായേല്‍ ഭാര്യയെ നേടാന്‍വേണ്ടി ജോലിചെയ്തു. ഭാര്യയെ സമ്പാദിക്കാന്‍വേണ്ടി അവന്‍ ആടുകളെ മേയിച്ചു.

ഒരു പ്രവാചകന്‍വഴി കര്‍ത്താവ് ഇസ്രായേലിനെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു; ഒരു പ്രവാചകനാല്‍ അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു.

എഫ്രായിം കഠിന മായ പ്രകോപനമുണ്ടാക്കി. ആകയാല്‍, രക്തത്തിനുള്ള ശിക്ഷ കര്‍ത്താവ് അവന്റെ മേല്‍ ചൊരിയും. അവന്റെ നിന്ദനങ്ങള്‍ അവനിലേക്കുതന്നെതിരിച്ചു ചെല്ലും.