മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
ജോബ്

ജോബ് എന്റെ സംസാരം ശ്രവിക്കട്ടെ, എന്റെ വാക്കു ശ്രദ്ധിക്കുക.

ഇതാ ഞാന്‍ വാ തുറക്കുകയും എന്റെ നാവ് സംസാരിക്കുകയും ചെയ്യുന്നു.

എന്റെ ഹൃദയത്തിന്റെ നിഷ്‌കളങ്കതയെ എന്റെ വാക്കു പ്രഖ്യാപിക്കുന്നു. എന്റെ അധരം സത്യസന്ധമായി സംസാരിക്കുന്നു.

ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു; സര്‍വശക്തന്റെ ശ്വാസം എനിക്കു ജീവന്‍ തന്നു.

കഴിയുമെങ്കില്‍ എനിക്കു മറുപടി നല്‍കുക; നിന്റെ വാദം ഒരുക്കിവയ്ക്കുക, തയ്യാറാവുക.

നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവനാണ്; ഞാനും ഒരു കളിമണ്‍കട്ടകൊണ്ടു നിര്‍മിക്കപ്പെട്ടവനാണ്.

എന്നെ നീ ഭയപ്പെടേണ്ടതില്ല, ഞാന്‍ നിന്റെ മേല്‍ ദുസ്‌സഹമായ സമ്മര്‍ദം ചെലുത്തുകയില്ല.

ഞാന്‍ കേള്‍ക്കെ നീ സംസാരിക്കുകയും നിന്റെ വാക്കുകളുടെ സ്വരം ഞാന്‍ ശ്രവിക്കുകയും ചെയ്തു.

നീ പറയുന്നു: ഞാന്‍ പാപമില്ലാത്ത നിര്‍മലനാണ്; ഞാന്‍ കുറ്റമറ്റവനാണ്; എന്നില്‍ അനീതിയില്ല.

ഇതാ, അവിടുന്ന് എന്നെ തന്റെ ശത്രുവായി പരിഗണിക്കുകയും എനിക്കെതിരേ കാരണം കണ്ടുപിടിക്കുകയും ചെയ്യുന്നു;

അവിടുന്ന് എന്റെ മാര്‍ഗങ്ങളെ നിരീക്ഷിക്കുകയും എന്റെ കാലുകള്‍ ആമത്തിലിടുകയും ചെയ്യുന്നു.

നീ പറഞ്ഞതു ശരിയല്ല. ഞാന്‍ മറുപടി പറയാം: ദൈവം മനുഷ്യനെക്കാള്‍ ഉന്നതനാണ്.

അവിടുന്ന് എന്റെ വാക്കുകള്‍ക്കൊന്നും മറുപടി പറയുകയില്ല എന്നു പറഞ്ഞ് നീ അവിടുത്തേക്കെതിരേ സംസാരിക്കുന്നതെന്ത്?

ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു; പിന്നെ വേറൊരു രീതിയില്‍; എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല.

മനുഷ്യന്‍ കിടക്കയില്‍ മയങ്ങുമ്പോള്‍, ഗാഢനിദ്രയില്‍ അമരുമ്പോള്‍, ഒരു സ്വപ്നത്തില്‍, ഒരു നിശാദര്‍ശനത്തില്‍,

അവിടുന്ന് അവന്റെ ചെവികള്‍ തുറന്ന് മുന്നറിയിപ്പുകള്‍കൊണ്ട് അവനെ ഭയപ്പെടുത്തുന്നു.

മനുഷ്യന്റെ അഹങ്കാരം അവസാനിപ്പിക്കാനും ദുഷ്പ്രവൃത്തികളില്‍ നിന്ന് അവനെ പിന്‍തിരിപ്പിക്കാനും ആണ് ഇത്.

അവിടുന്ന് അവന്റെ ആത്മാവിനെ പാതാളത്തില്‍ നിന്നും, അവന്റെ ജീവനെ വാളില്‍ നിന്നും രക്ഷിക്കുന്നു.

മനുഷ്യനു കിടക്കയില്‍ വേദനകൊണ്ട്, അസ്ഥിയുടെ തുടര്‍ച്ചയായ കഴപ്പു കൊണ്ട്, ശിക്ഷണം ലഭിക്കുന്നു.

അവന്റെ ജീവന്‍ അപ്പവും, വിശപ്പ്‌ സ്വാദുള്ള ഭക്ഷണവും വെറുക്കുന്നു.

അവന്റെ മാംസം ക്ഷയിച്ച് ഇല്ലാതായിരിക്കുന്നു; മറഞ്ഞിരുന്ന അസ്ഥികള്‍ എഴുന്നു നില്‍ക്കുന്നു.

അവന്റെ ആത്മാവ് പാതാളത്തെയും ജീവന്‍ മൃത്യുവിന്റെ ദൂതന്‍മാരെയും സമീപിച്ചിരിക്കുന്നു.

മനുഷ്യനു ധര്‍മം ഉപദേശിക്കാന്‍ ഒരു ദൈവദൂതന്‍, ആയിരങ്ങളിലൊരുവനായ മധ്യസ്ഥന്‍, ഉണ്ടായിരുന്നെങ്കില്‍;

ദൂതന്‍ അവനോടു കരുണ തോന്നി പറയുന്നു: ഞാനൊരു മോചനദ്രവ്യം കണ്ടെണ്ടത്തിയിരിക്കുന്നു. പാതാളത്തില്‍ പതിക്കുന്നതില്‍ നിന്ന് അവനെ രക്ഷിക്കുക.

അവന്‍ മാംസം വച്ചു യുവത്വം വീണ്ടെടുക്കട്ടെ. യൗവനോന്‍മേഷത്തിന്റെ നാളുകളിലേക്ക് അവന്‍ മടങ്ങിവരട്ടെ.

അപ്പോള്‍ മനുഷ്യന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയും അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും, അവിടുത്തെ സന്നിധിയില്‍ അവന്‍ സന്തോഷത്തോടെ പ്രവേശിക്കും. അവന്‍ തന്റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവര്‍ത്തിച്ചു പറയും.

അവന്‍ മനുഷ്യരുടെ മുന്‍പില്‍ പാടിപ്രഘോഷിക്കും: ഞാന്‍ പാപം ചെയ്തു; നീതി വിട്ടകന്നു; എങ്കിലും, എനിക്ക് അതിനു ശിക്ഷ ലഭിച്ചില്ല.

പാതാളത്തില്‍ പതിക്കാതെ അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ജീവന്‍ പ്രകാശം കാണും.

ദൈവം മനുഷ്യനോട് ഇപ്രകാരം രണ്ടോ മൂന്നോ തവണ പ്രവര്‍ത്തിക്കുന്നു.

അവന്റെ ആത്മാവിനെ പാതാളത്തില്‍ നിന്നു തിരിച്ചെടുക്കുകയും അവന്‍ ജീവന്റെ പ്രകാശം കാണുകയും ചെയ്യേണ്ടതിനു തന്നെ.

ജോബേ, ശ്രദ്ധിക്കുക, നിശ്ശബ്ദനായിരുന്നു കേള്‍ക്കുക, ഞാന്‍ പറയാം;

നിനക്കു പറയാനുണ്ടെങ്കില്‍ എന്നോടു മറുപടി പറയുക; സംസാരിക്കുക, ശരിയാണെങ്കില്‍, സമ്മതിക്കാന്‍ എനിക്കു സന്തോഷമേയുള്ളു.

ഇല്ലെങ്കില്‍, നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നു തരാം.