മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

നിന്റെ കഷ്ടകാലത്തു കര്‍ത്താവു നിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ.

അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു നിനക്കു സഹായമയയ്ക്കട്ടെ! സീയോനില്‍ നിന്നു നിന്നെ തുണയ്ക്കട്ടെ!

നിന്റെ വഴിപാടുകള്‍ അവിടുന്ന് ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍ അവിടുന്നു സംപ്രീതനാകട്ടെ!

അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!

നിന്റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ അപേക്ഷകള്‍കൈക്കൊള്ളട്ടെ!

കര്‍ത്താവു തന്റെ അഭിഷിക്തനെ സഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്റെ വിശുദ്ധ സ്വര്‍ഗത്തില്‍ നിന്ന് അവന് ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.

ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍ കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു.

അവര്‍ തകര്‍ന്നുവീഴും, എന്നാല്‍ ‍, ഞങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.

കര്‍ത്താവേ, രാജാവിനു വിജയം നല്‍കണമേ! ഞങ്ങള്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരമരുളണമേ!