മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടു പാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ ദൈവഭയത്തിനു സ്ഥാനമില്ല.

തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോ വെറുക്കപ്പെടുകയോ ഇല്ലെന്ന് അവന്‍ അഹങ്കരിക്കുന്നു.

അവന്റെ വായില്‍ നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മവും വഞ്ചനയുമാണ്; വിവേകവും നന്‍മയും അവന്റെ പ്രവൃത്തികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്‍മയെ അവന്‍ വെറുക്കുന്നില്ല.

കര്‍ത്താവേ! അങ്ങയുടെ കാരുണ്യം ആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും.

അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍ അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയും മൃഗത്തെയും അവിടുന്നു രക്ഷിക്കുന്നു.

ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു.

അവര്‍ അങ്ങയുടെ ഭവനത്തിലെ സമൃദ്ധിയില്‍ നിന്നു വിരുന്നുണ്ടു തൃപ്തിയടയുന്നു; അവിടുത്തെ ആനന്ദധാരയില്‍ നിന്ന് അവര്‍ പാനം ചെയ്യുന്നു.

അങ്ങിലാണു ജീവന്റെ ഉറവ, അങ്ങയുടെ പ്രകാശത്തിലാണു ഞങ്ങളുടെ പ്രകാശം.

അങ്ങയെ അറിയുന്നവര്‍ക്ക് അങ്ങയുടെ കാരുണ്യവും നിഷ്‌കളങ്ക ഹൃദയര്‍ക്ക് അങ്ങയുടെ രക്ഷയും തുടര്‍ന്നു നല്‍കണമേ!

അഹങ്കാരത്തിന്റെ പാദങ്ങള്‍ എന്റെ മേല്‍ പതിക്കാതിരിക്കട്ടെ! ദുഷ്ടരുടെ കൈകള്‍ എന്നെ ആട്ടിയോടിക്കാതിരിക്കട്ടെ!

തിന്‍മ ചെയ്യുന്നവര്‍ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ വീഴ്ത്തപ്പെട്ടിരിക്കുന്നു.